ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ,സേനാ മേധാവിമാർ, മുഖ്യമന്ത്രിമാർ, ഗവർണർമാർ, എംപിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ മുർമു മഹാത്മാ ഗാന്ധി നൽകിയ പാഠങ്ങൾ മുന്നോട്ടുള്ള ഓരോ ചുവടുവയ്പിനും പ്രചോദനമാണെന്നും മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിലൂടെ മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിരുന്നു.
ഗോത്രവർഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത, രാഷ്ട്രപതിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, തുടങ്ങി പല പ്രത്യേകതകൾ മുർമുവിന് സ്വന്തമാണ്. സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഡൽഹി ഇന്നലെമുതൽ ആഘോഷ തിമിർപ്പിലായിരുന്നു. രാജ്യത്തുടനീളമുള്ള ഗോത്രവർഗ കലാസംഘങ്ങൾ മുർമുവിന്റെ വസതിയിൽ എത്തിയിരുന്നു. – (കടപ്പാട് – കേരളകൗമുദി ഓൺലൈൻ)