അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ ദുരന്തം; വിമാനത്തിൽ 242 പേർ

Air India Crashed in Ahmedbad

അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീണു. ബോയിങ് 787-8 ഡ്രീംലൈനർ വിഭാ​ഗത്തിൽ പെട്ട വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. പറന്നുയർന്ന് ഉടൻ താഴേക്ക് പറന്ന വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മേഘാനി ന​ഗറിലെ ജനവാസ മേഖലയിലാണ് തകർന്നുവീണത്.

ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് ‘മെയ് ‍ഡേ’ അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തിൽപെട്ട പലരേയും ആശുപത്രികളിലെത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിയമർന്നതായാണ് ഡിജിസിഎ അറിയിക്കുന്നത്.