നവംബര്‍ 4 മുതല്‍ ചാറ്റ്ജിപിടി ഗോ ഇന്ത്യയില്‍ ഒരുവര്‍ഷത്തേക്ക് സൗജന്യം

നവംബര്‍ 4 മുതല്‍ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ചാറ്റ്ജിപിടി ഗോ സൗജന്യമായി നല്‍കുമെന്ന് ഓപ്പണ്‍എഐ. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ഓപ്പണ്‍എഐയുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ മിഡ്-ടിയര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് ചാറ്റ്ജിപിടി ഗോ.

കമ്പനിയുടെ രണ്ടാമത്തെ ഏറ്റവും വലുതും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ ആഗോള വിപണിയാണ് ഇന്ത്യ. എതിരാളികളായ ഗൂഗിളിന്റെയും പെര്‍പ്ലെക്‌സിറ്റിയുടെയും തന്ത്രങ്ങളെ മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ചാറ്റ്ജിപിടി ഗോയിലേക്കുള്ള ഒരു വര്‍ഷത്തെ സൗജന്യ പ്രവേശനം എന്നാണ് വിലയിരുത്തപ്പെടുന്നത്. വിശാലമായ ഇന്ത്യന്‍ ഉപഭോക്തൃ സമൂഹത്തെ ആകര്‍ഷിക്കുന്നതിനായി രണ്ട് കമ്പനികളും അടുത്തിടെ പ്രീമിയം എഐ ഫീച്ചറുകള്‍ക്കുള്ള ഫീസ് ഒഴിവാക്കിയിരുന്നു.

19,500 രൂപ വിലയുള്ള തങ്ങളുടെ എഐ പ്രോ മെമ്പര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കിയ ഗൂഗിളിന്റെ നീക്കത്തിന് പിന്നാലെയാണ് ഓപ്പണ്‍എഐയുടെ ഈ തീരുമാനം. അതുപോലെ, പെര്‍പ്ലെക്‌സിറ്റി ടെലികോം ഭീമനായ എയര്‍ടെലുമായി സഹകരിച്ച് തങ്ങളുടെ പ്രീമിയം പ്ലാനിലേക്ക് സൗജന്യ ആക്സസ് നല്‍കിയിരുന്നു, ഇത് രാജ്യത്തെ എഐ വിപണി വിഹിതത്തിനായുള്ള മത്സരം ശക്തമാക്കിയിരുന്നു. പിന്നാലെയാണ് ഓപ്പണ്‍എഐയുടേയും സമാനനീക്കം.

പ്രതിമാസം 399 രൂപ എന്ന നിരക്കില്‍ ഓഗസ്റ്റിലാണ് ഇന്ത്യയില്‍ ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചത്. സൗജന്യ പതിപ്പിനും ഉയര്‍ന്ന നിരക്കുള്ള ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷനും മധ്യത്തിലുള്ളതായിരുന്നു ഇത്. ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുന്ന ചാറ്റ്ജിപിടി ഗോ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കാര്യമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ്. ഉയര്‍ന്ന മെസ്സേജ് പരിധി, വര്‍ധിച്ച പ്രതിദിന ഇമേജ് സൃഷ്ടിക്കലും അപ്ലോഡുകളും, കൂടുതല്‍ വ്യക്തിഗതവും സന്ദര്‍ഭോചിതവുമായ മറുപടികള്‍ക്കായി ദീര്‍ഘമായ മെമ്മറി എന്നിവയാണ് ഗോയുടെ സവിശേഷതകള്‍.

ഇന്ത്യയില്‍ ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചതിന് ശേഷം ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച സ്വീകാര്യതയാണ് തീരുമാനത്തിന് പിന്നിലെന്ന് വൈസ് പ്രസിഡന്റും ചാറ്റ്ജിപിടി മേധാവിയുമായ നിക്ക് ടര്‍ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഡെവ്‌ഡേ പരിപാടിക്ക് മുന്നോടിയായി ഇന്ത്യയിലുടനീളമുള്ളവര്‍ക്ക് അഡ്വാന്‍സ്ഡ് എഐ ലഭ്യമാക്കാനും അതില്‍ നിന്ന് പ്രയോജനം നേടാനും ഞങ്ങള്‍ ചാറ്റ്ജിപിടി ഗോ ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പണ്‍എഐയുടെ രണ്ടാമത്തെ വലിയ വിപണി മാത്രമല്ല, ഏറ്റവും വേഗത്തില്‍ വളരുന്ന വിപണി കൂടിയാണെന്നാണ് ഇന്ത്യയെന്ന് ഓപ്പണ്‍എഐ സ്ഥാപകനും സിഇഒയുമായ സാം ആള്‍ട്ട്മാന്‍ അടുത്തിടെ പറഞ്ഞിരുന്നു. ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയിലെ മൊത്തം പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചുവെന്നും ഇത് അഡ്വാന്‍സ്ഡ് എഐ സേവനങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യം അടിവരയിടുന്നുവെന്നും കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷം ഗോ പ്ലാന്‍ ലോകമെമ്പാടുമുള്ള 90-ഓളം വിപണികളിലേക്ക് വ്യാപിപ്പിച്ചിരുന്നു. – (കടപ്പാട് – മാതൃഭൂമി ഓൺലൈൻ)