അവസാന സോവിയറ്റ് പ്രസിഡന്റ് ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. ചൊവ്വാഴ്ച മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക (അഭിപ്രായ സ്വാതന്ത്ര്യയവും പുനര്‍രൂപീകരണവും) എന്നീ രണ്ട് സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച ഗോര്‍ബച്ചേവ് ആധുനിക റഷ്യയ്ക്ക് അടിത്തറ പാകി.

രക്തച്ചൊരിച്ചിലില്ലാതെ ശീതസമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഗോര്‍ബച്ചേവിന് പക്ഷേ, സോവിയറ്റ് യൂണിയന്റെ പതനം തടയാന്‍ കഴിഞ്ഞില്ല. അമേരിക്കയും പാശ്ചാത്യ ശക്തികളുമായി ബന്ധം പങ്കാളിത്തം തുടങ്ങാന്‍ ആഗ്രഹിച്ച ഗോര്‍ബച്ചേവിന്റെ ഇടപെടലുകള്‍, രണ്ടാം ലോക മഹായുദ്ധ കാലം മുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന ‘ഇരുമ്പ് മറ’ നികത്തുന്നതിനും ജര്‍മ്മനിയുടെ പുനരേകീകരണത്തിനും ഇടയാക്കി. ഈ സേവനങ്ങള്‍ പരിഗണിച്ച് 1990ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

എന്നാല്‍ രാജ്യത്ത് നടപ്പാക്കിയ ചില പരിഷ്‌കാരങ്ങള്‍ സോവിയറ്റ് യൂണിയനെ ദുര്‍ബലപ്പെടുത്തി. 1985ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ ഗോര്‍ബച്ചേവ് അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചും അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താതെയും നയിച്ചു. ഇതോടെ യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങള്‍ വേര്‍പിരിഞ്ഞ് സ്വതന്ത്രരായി. ‘ഭൂരാഷ്ട്രതന്ത്രത്തിലെ വലിയ ദുരന്തം’ എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍ ഇതിനെ വിശേഷിപ്പിച്ചത്. സോവിയറ്റ് യൂണിയന്റെ പുനരേകീകരണം തനിക്ക് സാധിക്കുമെങ്കില്‍ നടത്തുമെന്ന് 2018ല്‍ പുടിന്‍ പറഞ്ഞിരുന്നു.

ഗോര്‍ബച്ചേവിന്റെ വിയോഗത്തില്‍ ലോകനേതാക്കള്‍ അനുശോചിച്ചു. – (കടപ്പാട് – മംഗളം ഓൺലൈൻ)