ഇന്ന് നര ഒരു പുതുമയേ അല്ല. 25 വയസ് കഴിയുമ്പോൾത്തന്നെ പലർക്കും നര കണ്ടുതുടങ്ങും. ചിലരിൽ ചെറുതായിട്ടാണെങ്കിൽ മറ്റുചിലരിൽ മുടിമുഴുവനായിട്ടായിരിക്കും നരയ്ക്കുന്നത്. ഇതിനൊപ്പം മറ്റുശരീരഭാഗങ്ങളിലെ രോമങ്ങളും നരയ്ക്കും. ഉപയോഗിക്കുന്ന വെള്ളം, കഴിക്കുന്ന ആഹാരം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവയ്‌ക്കൊപ്പം പാരമ്പര്യവും അകാല നരയ്ക്ക് കാരണമാകാം.
ഈ പ്രശ്നത്തിന് പരിഹാരമായി ഡൈകളെയും, ഹെന്നയെയുമാണ് മിക്കവരും കൂട്ടുപിടിക്കുന്നത്. ഹെന്ന ആരോഗ്യപരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും മുടിക്ക് ചെമ്പിന്റെ നിറമാകും. കൂടുതൽ പേർക്കും ഈ നിറത്തോട് വലിയ താൽപ്പര്യമില്ല. അതിനാലാണ് ഹെയർ ഡൈ ഉപയോഗിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഡൈ പതിവാക്കുന്നവരിൽ ഉണ്ടാകുന്നത്.
ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെയും വലിയ ചെലവില്ലാതെയും വീട്ടിൽ തയ്യാറാക്കാവുന്ന ഡൈകൾ നിരവധിയുണ്ട്. അതിൽ ഏറെ ഫലപ്രദമായ ഒന്നിനെ പരിചയപ്പെടാം. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നീടൊരിക്കലും നിങ്ങൾ മാറിചിന്തിക്കില്ലെന്ന് ഉറപ്പ്.
വേണ്ട സാധനങ്ങൾ
- മൈലാഞ്ചിപ്പൊടി:മൂന്ന് സ്പൂൺ (ഇത് അങ്ങാടിക്കടകളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കണം. പാക്കറ്റുകളിൽ കിട്ടുന്നത് ഒഴിവാക്കുക)
- ചെമ്പരത്തിപ്പൂവ്, ഇല എന്നിവ ഉണക്കിപ്പൊടിച്ചത്: രണ്ടും ഓരോ സ്പൂൺ. സ്വന്തമായി തയ്യാക്കുകയോ വാങ്ങിക്കുകയോ ചെയ്യാം.
- നെല്ലിക്കാപ്പൊടി: രണ്ട് സ്പൂൺ
- പേരയുടെ തളിരില: മുടിയുടെ നീളത്തിനനുസരിച്ച്
- കറിവേപ്പില: രണ്ട് തണ്ട്
- തേയിലപ്പൊടി/ കാപ്പിപ്പൊടി: ഇതിലേതെങ്കിലും ഒന്ന് നന്നായി കുറുക്കിയെടുത്തത് മുക്കാൽക്കപ്പ്
ഇവയെല്ലാം നന്നായി യോജിപ്പിച്ചശേഷം അതിലേക്ക് കുറച്ചുതൈരുംകൂടി ചേർക്കുക. നല്ല കുഴമ്പ് പരുവത്തിലായിരിക്കണം ഈ മിശ്രിതം. തയ്യാറാക്കിയശേഷം കുറഞ്ഞത് പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞശേഷമേ ഇത് തലയിൽ പുരട്ടാവൂ. തലയിൽ പുരട്ടുന്നതിന് അഞ്ചുമിനിട്ടുമുമ്പ് ഒരു മുട്ടയുടെ വെള്ളയും കൂടി മിശ്രിതത്തിൽ ചേർത്ത് യോജിപ്പിക്കം. തലയിൽ നന്നായി തേച്ചുപിടിപ്പിച്ചശേഷം രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. ഇതിനായി ഷാംപൂ ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. കഴുകിക്കഴിയുമ്പാേൾ നരയുള്ള ഭാഗം ചെമ്പിച്ചിരിക്കുന്നത് കാണാം. ഇനിയാണ് ശരിക്കും കറുപ്പിക്കൽ നടക്കുന്നത് .
നീലയമരിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത മിശ്രിതമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ മിശ്രിതം തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. രണ്ടുമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. ഇതിന് വീര്യംകുറഞ്ഞ ഷാംപൂ ഉപയോഗിക്കാം. ഇത് കഴിയുമ്പോൾ തന്നെ മുടി നന്നായി കറുത്തിരിക്കുന്നത് കാണാം. ഡൈപോലെ ഒരുമാസംവരെ ഇത് നീണ്ടുനിൽക്കില്ല. ഒന്നോ രണ്ടോ ആഴ്ച മാത്രമേ മുടിയിലെ കറുപ്പ് നിലനിൽക്കൂ. അതിനിടയിൽ വീണ്ടും ഉപയോഗിക്കണം. കറുപ്പ്നിറം കിട്ടുന്നതിനൊപ്പം താരൻ പൂർണമായും മാറിക്കിട്ടും. അതുപോലെ മുടി നല്ല സ്മൂത്താവുകയും ശക്തിയിൽ വളരുകയും ചെയ്യും.