ന്യൂഡല്‍ഹി: കോവിഡ്, ഒമിക്രോണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. നേരീയ രോഗലക്ഷണങ്ങളുള്ളവരും ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ്/ഒമിക്രോണ്‍ രോഗികളും ഇനി മുതല്‍ ഹോം ഐസൊലേഷനില്‍ കഴയണമെന്നാണു പുതുക്കിയ നിര്‍ദേശം.
പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതിനുശേഷം തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ പനിയില്ലെങ്കില്‍ ഏഴു ദിവസം ക്വാറന്റൈനില്‍ കഴിയണം.
നേരത്തേ ഇത് പത്തു ദിവസമായിരുന്നു. അതേസമയം, ഒമിക്രോണ്‍ സംശയിക്കുന്നത് അല്ലെങ്കില്‍ സ്ഥിരീകരിച്ച രോഗികളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയോ വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തിലാക്കുകയോ ചെയ്യണം. ഇവര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
എച്ച്.ഐ.വി. പോസിറ്റീവ്, അവയവ സ്വീകര്‍ത്താക്കള്‍, കാന്‍സര്‍ രോഗികള്‍, 60 വയസും അതില്‍ കൂടുതലുമുള്ള പ്രായമായ രോഗികള്‍, രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്ഥകളുള്ളവര്‍ തുടങ്ങി പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശപ്രകാരം ഹോം ഐസൊലേഷന്‍ ശിപാര്‍ശ ചെയ്യുന്നില്ല. വിട്ടുമാറാത്ത ശ്വാസകോശരോഗം, കരള്‍, വൃക്ക രോഗങ്ങള്‍, സെറിബ്രോവാസ്കുലര്‍ രോഗം എന്നിവയുള്ളവര്‍ക്ക് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തലിനു ശേഷം മാത്രമേ ഹോം ഐസൊലേഷന്‍ അനുവദിക്കൂ. കോവിഡ് രോഗിയുമായി സമ്പര്‍ക്കമുള്ള കുടുംബാംഗങ്ങളെ ക്വാറന്റൈന് ചെയ്യാന്‍ വീടുകളില്‍ ആവശ്യമായ സൗകര്യമൊരുക്കണം. ഇവരെ പരിചരിക്കുന്നവര്‍ രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചവരായിരിക്കണമെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ഹോം ഐസൊലേഷന്‍ കാലയളവ് അവസാനിച്ചതിന് ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല. രോഗിയുമായി സമ്പര്‍ക്കമുണ്ടായ, ലക്ഷണങ്ങളില്ലാത്ത വ്യക്തികള്‍ കോവിഡ് 19 പരിശോധനയ്ക്കു വിധേയരാകേണ്ടതില്ല. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. - (കടപ്പാട് - മംഗളം ഓൺലൈൻ)