ന്യുഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രാജ്യത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗബാധിതരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഡല്‍ഹിയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. എയിംസ് ആശുപത്രിയിലെ നൂറിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ചു. ജെ.ജെ ആശുപത്രിയിലെ 66 ഡോക്ടര്‍മാര്‍ക്കാണ് ഒരു ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് അതിവേഗം വ്യാപിക്കുകയാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന് പറഞ്ഞു. ഡല്‍ഹിയില്‍ ടിപിആര്‍ 10% കടന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാര്‍ വീടുകളിലെ ഐസോലേഷന് പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി.
പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും വീട്ടില്‍ കരുതലില്‍ കഴിയാം. ഐസോലേഷനുള്ള സൗകര്യങ്ങള്‍ വീട്ടിലുണ്ടായിരിക്കണം. രോഗിയെ 24 മണിക്കൂറും നിരീക്ഷിക്കാന്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചയാള്‍ ഉണ്ടായിരിക്കണം. മെഡിക്കല്‍ ഓഫീസറുമായി ഇദ്ദേഹത്തിന് ആശയവിനിമയം നടത്താന്‍ കഴിയണം.
60 വയസ് കഴിഞ്ഞവരും രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശം, കരള്‍, വൃക്ക എന്നിവയെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍, സെറിബ്രോ വാസ്കുലര്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശത്തോടെ മാത്രമേ വീട്ടില്‍ കഴിയാവൂ. - (കടപ്പാട് - മംഗളം ഓൺലൈൻ)