ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ മുന്‍ ദിവസത്തെ അപേക്ഷിച്ച് 56% വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 534 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ 15,389 പേര് രോഗമുക്തരായി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.18% ആയി ഉയര്‍ന്നു. സജീവ രോഗികള്‍ 2,14,004 ആയി ഉയര്‍ന്നു. ആകെ രോഗമുക്തര്‍ 3,43,21,803 ആയി. 4,82,551 പേര് ഇതിനകം മരണമടഞ്ഞു. ആകെ രോഗികള്‍ 3.502 കോടി കടന്നു.
ആകെ ഒമിക്രോണ്‍ ബാധിതര്‍ 2135 ആയി. ഇന്നലെ 153 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ആകെ 147.72 കോടി ഡോസ് വാക്സിന് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ 84 ലക്ഷം കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി.
2021 ജൂണ്‍ 19ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കണക്കുകള്‍ ഇത്രയധികം ഉയരുന്നത്. മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവുമധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18,466 കേസുകള്‍. 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം 10,000ലേറെ പുതിയ രോഗികളുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുള്ള നഗരമാണ് മുംബൈ.
പശ്ചിമ ബംഗാളില്‍ 9,073 രോഗികളും 16 മരണവും ഡല്‍ഹിയില്‍ 5481 രോഗികളും 3 മരണവും കേരളത്തില്‍ 3640 രോഗികളും 30 മരണവും തമിഴ്നാട്ടില്‍ 2731 രോഗികളും 9 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ മറ്റ് രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായി. അമേരിക്കയില്‍ തിങ്കളാഴ്ച 10,80,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1500 ഓളം മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടണ്, ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ബ്രിട്ടണിലും ഫ്രാന്‍സിലും പ്രതിദിന രോഗികള്‍ ആദ്യമായി 2 ലക്ഷം കടന്നു. ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും രണ്ടാം തരംഗത്തില്‍ സംഭവിച്ചതിന്റെ 30%-50% മരണം ഇത്തവണ ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. - (കടപ്പാട് - മംഗളം ഓൺലൈൻ)