ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും വീട്ടിൽ തന്നെ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഴ്ച സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ പോകണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകവെയാണ് അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 4,099 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഒമിക്രോൺ കേസുകളും വർധിച്ചുവരുന്നത് രാജ്യതലസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുകയാണ്. - (കടപ്പാട് മനോരമ ഓൺലൈൻ)