ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡൽഹിയിൽ പരിശോധിച്ച കൊവിഡ് സാമ്പിളുകളിൽ 84 ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ അറിയിച്ചു. ഡിസംബർ 30, 31 തീയതികളിലായി നടത്തിയ ജനിതകശ്രേണീ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ ഒമിക്രോൺ വ്യാപിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 510 പേരിലാണ് ഇവിടെ രോഗം കണ്ടെത്തിയത്. 351 കേസുകളുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം മാത്രം 3,194 കൊവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. 25,109 പേർ ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് സത്യേന്ദർ ജയിൻ പറഞ്ഞു. ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമായി ഉയർന്നു. ഒരാഴ്ചയ്ക്കുള്ളിൽ കേസുകൾ ഉയർന്നുവരുമെന്ന് വിദഗ്ദ്ധർ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് അനുമാനം മാത്രമാണെന്നും ജെയിൻ കൂട്ടിച്ചേർത്തു. - (കടപ്പാട് - കേരളം കൗമുദി ഓൺലൈൻ)