നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളും ഈറ്റക്കൂട്ടങ്ങളും പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും നിറഞ്ഞ് നിൽക്കുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് അഗസ്ത്യാർകൂടം. ഇവിടേക്ക് യാത്ര പോകുക എന്നത് ഏതൊരു സഞ്ചാരിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നുമാണ്. ഇതിനായി ഇപ്പോൾ അവസരം ഒരുങ്ങുന്നു. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെയാണ് ട്രക്കിംഗ് അനുവദിക്കുക.
പരമാവധി 100 പേർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുക. യാത്രികർ പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകളിൽ ഭക്ഷണം ലഭിക്കും.
ബുക്കിംഗ് എങ്ങനെ
ജനുവരി ആറ് മുതൽ ബുക്കിംഗ് ആരംഭിക്കും. വനംവകുപ്പിന്റെ www.forest.kerala.gov.in അല്ലെങ്കിൽ serviceonline.gov.in/trekking എന്നീ വെബ്സൈറ്റുകളിലൂടെ ബുക്കിംഗ് നടത്താം. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടേയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി കൊണ്ടുവരണം. 1331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.
ചില മുൻകരുതലുകൾ
നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമേ ട്രക്കിംഗിൽ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല. സ്ത്രീകൾക്കും അപേക്ഷിക്കാമെങ്കിലും പ്രത്യേക പരിഗണനയുണ്ടായിരിക്കില്ല. രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കു.
ടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുമായി വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ ട്രക്കിങ് ദിവസം രാവിലെ ഏഴിന് എത്തണം. എല്ലാവരും സത്യപ്രസ്താവന ഒപ്പിട്ട് നൽകണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി ഗൈഡിനെ അനുവദിക്കും. (കടപ്പാട് - കേരളം കൗമുദി ഓൺലൈൻ)