തിരുവനന്തപുരം/ കോട്ടയം∙ മധ്യകേരളത്തെ ദുരിതത്തിലാക്കി മഴ തുടരുന്നു. ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം, കോട്ടയത്ത് 33ഉം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഒന്‍പതു പേര് കൂട്ടിക്കലിലും കൊക്കയാറില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് കാണാതായത്. കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും.
അതിനിടെ മണിമലയില്‍ വെള്ളം ഉയരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മണിമലയാര്‍ കരകവിഞ്ഞ് പത്തനംതിട്ട കോട്ടാങ്ങലില്‍ 70 വീടുകളില്‍ വെള്ളം കയറി. മല്ലപ്പളളി ടൗണിലടക്കം സ്ഥിതി ഗുരുതരം, ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലായി. അച്ചന്‍കോവിലാറിലും പമ്പയാറ്റിലും വെള്ളം താഴ്ന്നില്ല, വീയപുരത്തും വെള്ളക്കെട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാത്രിയും മഴ പെയ്തത് കോട്ടയം ജില്ലയില്‍ ആശങ്ക പടർത്തി. വൈദ്യുതിവിതരണം താറുമാറായി. കോട്ടയത്തിന്റെ കിഴക്കന്‍ മേഖല ഇരുട്ടിലായി. 8000 വീടുകളില്‍ വൈദ്യുതിയില്ല. മുണ്ടക്കയത്തെ വൈദ്യുതി സെക്ഷന്‍ ഓഫിസും മുങ്ങി.
ഉരുള്‍പൊട്ടലുണ്ടായ കുട്ടിക്കലില്‍ പുലര്‍ച്ചെയും മഴയുണ്ട്. ആലപ്പുഴയിൽ രാത്രിയിലും ഇടവിട്ട് ശക്തമായ മഴയാണ്. ചെങ്ങന്നൂരിലെ മുളക്കുഴ, ഇടനാട് മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നു. നഗരത്തില്‍ ഇടവിട്ട് മഴയുണ്ട്. - കടപ്പാട് - മനോരമ ഓൺലൈൻ