സൗന്ദര്യ സംരക്ഷണത്തില്‍ യുവതലമുറ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്. അതിനായി ആവശ്യമുള്ളതും അല്ലാത്തതുമായ നിരവധി പരീക്ഷണങ്ങളും നടത്താറുമുണ്ട്. എന്നാല്‍ അവയില്‍ പലതും ഗുരുതരമായ പ്രശ്നത്തിലേക്കായിരിക്കും അവരെ കൊണ്ടെത്തിക്കുക.
വിദഗ്ധരുടെ ഉപദേശം തേടിയതിനു ശേഷം മാത്രമേ ഇത്തരം സൗന്ദര്യ പരീക്ഷണങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടാവൂ. സൗന്ദര്യം നിലനിര്‍ത്താന്‍ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല എന്ന തിരിച്ചറിവാണ് ഇതില്‍ പ്രധാനം.
ആരോഗ്യകരമായ ഭക്ഷണത്തിന് സൗന്ദര്യ സംരക്ഷണത്തില്‍ വഹിക്കാന്‍ കഴിയുന്ന പങ്ക് വളരെ വലുതാണ്, പ്രത്യേകിച്ച് ചര്മസംരംക്ഷണത്തില്. ചര്‍മത്തിന്റെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ നമ്മള് കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക സ്വാധീനമുണ്ട്.
യുവാക്കളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്നമാണ് മുഖക്കുരുവും ചര്‍മത്തിലുണ്ടാകുന്ന ചുളിവും. ഇതിന് പ്രധാന കാരണം ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങളാണ്. അത്തരത്തില്‍ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഹാനികരമായ ചില ഭക്ഷണപദാര്‍ഥങ്ങള്‍ പരിചയപ്പെടാം.
വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ മണവും സ്വാദും നമ്മളെ എപ്പോഴും പ്രലോഭിപ്പിക്കാറുണ്ട്. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന എണ്ണയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനേയും കലോറിയേയും ഉയര്‍ത്തുകയും ചെയ്യുന്നു.